സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ സൈനിക നടപടി ആരംഭിച്ച് സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ ഭരണകൂടം. ഹൂതി ഭീകരരുടെ പിടിയിൽ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുംവരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യെമനി പ്രസിഡൻ്റ് റഷാദ് അൽ അലിമി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. ഇതിന് പിന്നാലെ ഹൂതികൾ ആയുധം താഴെവെക്കണമെന്ന ആഹ്വാനവുമായി സൈനിക വക്താവും രംഗത്തെത്തി. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതരെ പരാജയപ്പെടുത്തി, രാജ്യത്തിന്റെ പരമാധികാരം പൂർണമായി വീണ്ടെടുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2014 മുതൽ രാജ്യതലസ്ഥാനമായ സനാ അടക്കം വടക്കുപടിഞ്ഞാറൻ ഭാഗത്തെ ജനവാസമേഖലകളെല്ലാം ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്.
ഇറാൻ്റെ സഹായത്തോടെ ആയുധശേഖരം ആധുനികവത്കരിക്കുന്ന ഹൂതികൾ, കഴിഞ്ഞ മാസങ്ങളിൽ യെമനിൽ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയിരുന്നു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൻ്റെ പ്രധാന പാതയായ ബാബ് അൽ മന്ദബ് കടലിടുക്കും അതിനോട് ചേർന്നുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന ചെങ്കടൽ തീരപ്രദേശവും ഹൂതികൾ പിടിച്ചെടുത്തു. ഇത് അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്കും യെമൻ ഗവൺമെന്റിനും കനത്ത തിരിച്ചടിയായിരുന്നു.




























