ലഖ്നൗ : പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തിലാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാകില്ലെന്നും യോഗി പറഞ്ഞു. ഗോരാകാന്ത് നേഴ്‌സിംഗ് കോളേജിലെ പാസ്സ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പാകിസ്ഥാന്റെ സ്വരത്തിലാണ് ഇത്തരക്കാർ സംസാരിക്കുന്നത്. പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങള്‍ ഒന്നും നടപ്പാക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അങ്ങിനെ ചെയ്താല്‍ ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരും യോഗി ആദിത്യനാഥ് പറഞ്ഞു.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി നൽകിയ ഉറപ്പിന് അനുസൃതമായിട്ടാണ് സിഎഎയെന്നും യോഗി പറഞ്ഞു.1947 ല്‍ ഇന്ത്യയെ വിഭജിച്ചപ്പോള്‍ പാകിസ്താനിലെ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന മതവിഭാഗങ്ങള്‍ക്കായി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.