ഉത്തര്‍പ്രദേശ് : അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ശിലയിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം രാജ്യത്തിന്റെ ക്ഷേത്രമാണെന്നും പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പുരോഗമിക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയുടെ ഏകതയുടേയും അഖണ്ഡതയുടേയും പ്രതീകമാണ് അയോധ്യയിലെ രാമക്ഷേത്രമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശ് മന്ത്രിമാര്‍, ആത്മീയ നേതാക്കള്‍, ബിജെപി നേതാക്കള്‍ എന്നിവരെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു. വലിയ സുരക്ഷാസന്നാഹമായിരുന്നു ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. വളരെക്കുറച്ച് മാധ്യമങ്ങള്‍ക്കും അതിഥികള്‍ക്കും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്.
360 അടി നീളവും 235 അടി വീതിയുമുള്ള രാമക്ഷേത്രമാണ് അയോധ്യയില്‍ നിര്‍മിക്കുന്നത്. ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിര്‍മാണത്തിനായി തറക്കല്ലിട്ടത്. രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍ എന്നിവെയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.