ലണ്ടൻ : യോർക് ഷയർ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ഹെഡിങ്ലിയിൽ ഇനി ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മത്സരങ്ങൾ അനുവദിക്കില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി). അസീം റഫീഖിനെതിരായ വംശീയ അധിക്ഷേപത്തിൽ കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകില്ലെന്ന ക്ലബ് അധികൃതരുടെ നടപടിയാണ് ഇ.സി.ബിയെ ചൊടിപ്പിച്ചത്. വിഷയത്തിൽ ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് മാതൃകാപരമായ നടപടിയുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നും ഇ.സി.ബി അറിയിച്ചു. ഇതേത്തുടർന്ന് ക്ലബ്ബ് അംഗങ്ങളിൽ നിരവധിപേർ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന. യുകെ സർക്കാരും ഇ.സി.ബിയുടെ വലിയ വിമർശനമാണ് ക്ലബ്ബിനെതിരെ ഉന്നയിച്ചിട്ടുള്ളത്.
ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്ന നിലപാടല്ല യോർക്ഷയറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഇ.സി.ബി വിമർശിച്ചു. ക്ലബ്ബിന്റെ നിലപാടുകൾ സംബന്ധിച്ച് യോജിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇ.സി.ബി കുറ്റപ്പെടുത്തി. പാക് വംശജനായ അസീം റഫീഖിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് സമ്മതിച്ച സഹതാരം ഗാരി ബാലൻസിനെ ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് പരിഗണിക്കുന്നത് താത്കാലികമായി റദ്ദാക്കി. അസീമിന്റെ പാക് വേരുകൾ നിരന്തരം അധിക്ഷേപത്തിന് ഇരയായിരുന്നു. എന്നാൽ ഇതെല്ലാം വെറും തമാശയെന്ന രീതിയിലാണ് ക്ലബ്ബ് അന്വേഷണ റിപ്പോർട്ട്.
2022 ൽ ഇംഗ്ലണ്ടിന്റെ സൗത്താഫ്രിക്കയ്ക്ക് എതിരെയുള്ള ഒരു ഏകദിന മത്സരവും ന്യൂസീലൻഡിന് എതിരായ ടെസ്റ്റുമാണ് ഹെഡിങ്ലിയിൽ നടത്താൻ നിശ്ചയിച്ചിരുന്നത്. 2023 ലെ ആഷസിലെ ഒരു മത്സരവും ഇവിടെ നടത്താനായിരുന്നു പദ്ധതി. ക്ലബ്ബിന്റെ കിറ്റ് സ്പോൺസർമാരായ നൈക്കിയും നേരത്തെ സ്പോൺസർഷിപ്പിൽ നിന്ന് പിൻമാറിയിരുന്നു. വിഷയത്തിൽ ഇ.സി.ബി അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ ശിക്ഷാ നടപടികൾ ഈ അന്വേഷണത്തിന്റെ അവസാനം ആയിരിക്കും തീരുമാനിക്കുക.