കൊച്ചി: ലോക്‌സഭയിൽ ഇക്കുറി കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പാർട്ടി പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.ബൂത്തുകൾ പിടിച്ചെങ്കിൽ മാത്രമേ കേരളത്തിൽ വിജയിക്കാനാകൂവെന്ന്ബി.ജെ.പി ശക്തികേന്ദ്ര ഇൻചാർജുമാരുടെ സംസ്ഥാന സമ്മേളനത്തിൽ മോദി നിർദേശിച്ചു.നാല് ബൂത്തുലെവൽ കമ്മിറ്റികൾ ചേർന്നതാണ് “ശക്തികേന്ദ്ര”. സംസ്ഥാനത്തെ ഇത്തരം 7000 യൂണിറ്റുകളിൽ നിന്നുള്ള ആറായിരം ഇൻചാർജുമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.ശക്തികേന്ദ്ര ഇൻചാർജുമാർ ഓരോ വീട്ടിലും എത്തണം. ഓരോ ബൂത്തിലും വോട്ടറിലും ശ്രദ്ധ കേന്ദ്രീകരിക്കണം.
കന്നിവോട്ടർമാരെ നേരിൽ കാണണം. പ്രദേശത്തെ പ്രശ്നങ്ങൾ മനസിലാക്കി ഇടപെടണം.’മോദിയുടെ ഗാരന്റി” വെറുംവാക്കല്ലെന്നും പാലിക്കപ്പെടുന്ന വാഗ്ദാനമാണെന്നും ഓരോ കുടുംബത്തെയും ബോദ്ധ്യപ്പെടുത്തണം. എല്ലാവിഭാഗം ജനങ്ങൾക്കും ഉപകരിക്കുന്ന കേന്ദ്രപദ്ധതികളെക്കുറിച്ച് പ്രചാരണം നടത്തണം.കേരളത്തിലെ പ്രതികൂല പരിതസ്ഥിതിയെയും രാഷ്ട്രീയഅക്രമങ്ങളെയും എതിരിട്ട് ബി.ജെ.പിയിൽ ഉറച്ചുനിൽക്കുന്ന പാർട്ടി പ്രവർത്തകർക്ക് മുന്നിൽ ശിരസ് നമിക്കുന്നു.വലിയ സമ്മേളനങ്ങൾ നടത്താൻ ശക്തമായ സംഘടനയ്ക്ക് മാത്രമേ സാധിക്കൂ. കേരളത്തിലെ ബി.ജെ.പി അത് തെളിയിച്ചിട്ടുണ്ട്. തൃശൂരിൽ നടന്ന സ്ത്രീശക്തി സമ്മേളനം അതിന് തെളിവാണ്.അയോദ്ധ്യയിൽ പ്രാണപതിഷ്ഠ നടക്കുന്ന 22ന് എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും ശ്രീരാമജ്യോതി ജ്വലിപ്പിക്കണം. ക്ഷേത്രങ്ങളിൽ ശുചീകരണം നടത്തണമെന്നും മോദി വ്യക്തമാക്കി.