വെള്ളരി വര്‍ഷത്തില്‍ എപ്പോഴും കൃഷി ചെയ്യാമെങ്കിലും വേനല്‍ക്കാലത്താണ് കൂടുതലായി ചെയ്തു വരുന്നത്. ഉഷ്ണ കാലങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ് ഈ കൃഷി. ശൈത്യകാലങ്ങളില്‍ ഉല്പാദനം കുറവായിരിക്കും ലഭിക്കുക. ഈര്‍പ്പം കൂടി തണ്ട് അഴുകിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണ്. ആയതിനാല്‍ ഈര്‍പ്പം കുറവും സൂര്യപ്രകാശം കൂടുതല്‍ കിട്ടുന്നതുമായ സ്ഥലമാണ് ഏറ്റവും അനുയോജ്യം. എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാമെങ്കിലും മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം. മണ്ണ് നന്നായി കിളച്ച് വിത്ത് നടാനുള്ള തടങ്ങള്‍ എടുക്കണം. തടങ്ങള്‍ക്ക് 60 സെന്റീമീറ്റര്‍ വ്യാസവും 40 സെന്റീമീറ്റര്‍ ആഴവും ഉണ്ടായിരിക്കണം. തടങ്ങള്‍ എടുക്കുമ്പോള്‍ വരികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലവും ചെടികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലവും നല്‍കണം. ഓരോ തടത്തിലും രണ്ട് കിലോ എങ്കിലും ജൈവ വളവും കുറച്ചു ചാരവും പച്ച കക്കായും കൂടി ഇട്ട് മണ്ണില്‍ കലര്‍ത്തി ചേര്‍ക്കണം. വിത്തുകള്‍ നടുന്നതിനു മുന്‍പായി ഒരു ദിവസം വെള്ളത്തിലിട്ടിട്ട് നട്ടാല്‍ വേഗം മുളയ്ക്കും. ഒരു തടത്തില്‍ നാല് വിത്ത് വീതം പാകുക. പത്ത് ദിവസം കഴിയുമ്പോള്‍ ഏറ്റവും ആരോഗ്യത്തോടു കൂടിയ രണ്ട് തൈകള്‍ നിലനിര്‍ത്തിയിട്ട് ബാക്കി പറിച്ചെടുക്കുക.
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണെങ്കില്‍ വിത്ത് പാകുന്നതിനു മുന്‍പായി ഹെക്ടര്‍ ഒന്നിനു 75 കിലോ യൂറിയ, 140 കിലോ സൂപ്പര്‍ ഫോസ്ഫേറ്റ്, 40 കിലോ പൊട്ടാഷ് എന്നിവ അടിവളമായി ജൈവവളത്തിന്റെ കൂടെ ചേര്‍ക്കണം. തടം ഒന്നിനു 2 – 3 കിലോ ജൈവവളം മതിയാകും. ചെടികള്‍ വള്ളി വീശാന്‍ തുടങ്ങുമ്പോഴും പൂവിടാന്‍ തുടങ്ങുമ്പോഴും 75 കിലോ യൂറിയ രണ്ടു പ്രാവശ്യമായി മേല്‍ വളമായി നല്‍കണം. വീട്ടിലെ ആവശ്യങ്ങള്‍ക്കാണെങ്കില്‍ തടങ്ങളില്‍ വള്ളി വീശി കഴിയുമ്പോള്‍ ഏതെങ്കിലും ജൈവവള ലായനി പത്തു ദിവസം കൂടുമ്പോള്‍ ഒഴിച്ചാല്‍ മതിയാകും. ചൂടിന്റെ കാഠിന്യമനുസരിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ജലസേചനം നടത്തണം. കായ് വീഴാന്‍ തുടങ്ങുന്നതിനു മുന്‍പായി കായ്കള്‍ നിലത്ത് കിടക്കാതിരിക്കുവാന്‍ ഓല മടലോ ഇലകളോ ഇടേണ്ടതാണ്. വിത്ത് നട്ട് രണ്ട് മാസം ആകുമ്പോള്‍ വിളവെടുപ്പിന് പാകമാകും. ഏകദേശം രണ്ടു മാസം വരെ ആദായം ലഭിച്ചുകൊണ്ടിരിക്കും.