ന്യൂഡൽഹി : പാർലമെന്റിലെ ഹാജർ നില, മണ്ഡലത്തിലെ പ്രവർത്തനം എന്നിവ ചൂണ്ടിക്കാണിച്ച് ബിജെപി എംപിമാർക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം വിലയിരുത്തി പ്രവർത്തിക്കാൻ എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മാറുന്നില്ലെങ്കിൽ മാറ്റത്തിന് തയ്യാറെടുത്തു കൊള്ളാനും അദ്ദേഹം എം.പിമാരെ ഓർമിപ്പിച്ചു. അംബേദ്കർ സെന്ററിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി സ്വന്തം പാർട്ടിയിലെ എംപിമാർക്ക് താക്കീത് നൽകിയത്.
എല്ലാ എംപിമാരും തങ്ങളുടെ മണ്ഡലങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടുവെന്ന് യോഗത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാർലമെന്റിലെ എംപിമാരുടെ ഹാജർ സംബന്ധിച്ച് രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. എല്ലാ എംപിമാരും പാർലമെന്റ് നടപടികളിൽ കൃത്യമായി പങ്കെടുക്കണം. പലതവണ ഇക്കാര്യം അറിയിച്ചുവെന്നും കുട്ടികൾ പോലും ആവർത്തിച്ച് ആവശ്യപ്പെട്ടാൽ അനുസരണ കാണിക്കുമെന്നും മോദി പറഞ്ഞു.
എംപിമാരുടെ മോശം ഹാജർ നിലയെ മുൻപും പ്രധാനമന്ത്രി വിമർശിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ എംപിമാരോട് തങ്ങളുടെ മണ്ഡലങ്ങളിലെ ജില്ലാ പ്രസിഡന്റുമാരെയും മണ്ഡലം പ്രസിഡന്റുമാരെയും മാസത്തിലൊരിക്കൽ വിളിച്ച് ചായ സൽക്കാരം നടത്താനും കാര്യങ്ങൾ ചർച്ചചെയ്യാനും നിർദേശിച്ചു. തന്റെ മണ്ഡലമായ വാരാണസിയിലെ നേതാക്കൾക്ക് മോദി ഡിസംബർ 14ന് സൽക്കാരം ഒരുക്കുന്നുണ്ട്.