തൃശൂര്‍ : കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ തള്ളിയിട്ട സുഹൃത്ത് കാവീട് സ്വദേശി അര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റ് ചികിത്സയിലുള്ള 22 കാരിയും അര്‍ഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതിക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി അര്‍ഷാദിനൊപ്പം പോയതെന്ന് പോലീസ് പറയുന്നു. യുവതിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും അര്‍ഷാദ് പിന്മാറിയത് തര്‍ക്കത്തിനിടയാക്കിയത്. രാവിലെ ഏഴരയോടെ കുന്നംകുളം നഗരത്തില്‍ വച്ചായിരുന്നു സംഭവമുണ്ടായത്.
ഇരുവരും കാറില്‍ ഒരുമിച്ചാണ് നഗരത്തിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ യുവതി അര്‍ഷാദുമായി സംസാരിച്ചു. തുടര്‍ന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ കാര്‍ ഓടിച്ചുപോയി. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന യുവതിയെ താഴെയിടാനായി കാറിന്റെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റുവെന്നും പോലീസ് പറയുന്നു. അര്‍ഷാദ് ലഹരിക്ക് അടിമയാണെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.