അടിമാലി : കാറുകള്‍ വാടകക്കെടുത്ത് ഉടമകളറിയാതെ മറിച്ച് വില്‍പ്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ മോളത്ത് ജയമോന്‍ ഇത്തപ്പിരി(37)നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. തോക്കുപാറ സ്വദേശി അനില്‍ കുമാറിന്‍റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അനില്‍കുമാറിന്‍റെ കാര്‍ വാടകക്കെടുത്ത് ജയമോന്‍ വിറ്റിരുന്നു. ഈ കാര്‍ പോലീസ് കണ്ടെത്തി. 2,35,000 രൂപയ്ക്കാണ് ഇത് വില്‍പ്പന നടത്തിയത്.
വിവാഹ ആവശ്യം പറഞ്ഞ് ജനുവരി 15നാണ് കാര്‍ വിട്ടുനല്‍കിയത്. മാസവാടക നിശ്ചയിച്ചാണ് ഉടമ്പടി. ഒരുമാസം കഴിഞ്ഞ് വാടക ആവശ്യപ്പെട്ടു. എന്നാല്‍ ടൂറിലാണെന്നും തിരികെ വരുമ്പോള്‍ വാടക നല്‍കാമെന്നും പറഞ്ഞു. രണ്ട് മാസം കഴിഞ്ഞിട്ടും വാടക നല്‍കുകയോ കാര്‍ മടക്കി നല്‍കുകയോ ചെയ്തില്ല. ഇതോടെ സംശയം തോന്നിയ അനില്‍കുമാര്‍ സ്വന്തമായി അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് അടിമാലി പോലീസില്‍ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ വില്‍പന നടത്തിയതായി കണ്ടെത്തി. വാങ്ങിയ ആളില്‍ നിന്നും കാര്‍ കസ്റ്റഡിയിലെടുക്കുകയും ജയമോനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാനമായ രീതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു കാറും വാടകക്കെടുത്ത് മറിച്ച് വിറ്റതായി തെളിഞ്ഞു. ഈ വാഹനവും അടിമാലി പോലീസ് കണ്ടെടുത്തു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുളളതായി പോലീസ് സംശയിക്കുന്നു. ജയമോനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണത്തിനുളള ഒരുക്കത്തിലാണ് പോലീസ്. മറ്റ് തട്ടിപ്പുകളും ജയമോന്‍ നടത്തിയതായ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. അടിമാലി എസ്.ഐ ടി.പി. ജൂഡി, എ.എസ്.ഐ അബ്ബാസ് എന്നിവരുടെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.