ചിറ്റൂര്‍ : വിസ കാലാവധി അവസാനിച്ചിട്ടും മടങ്ങി നാട്ടിലേക്ക് പോകാതിരുന്ന യുവതി അറസ്റ്റില്‍. ബംഗ്ലാദേശ് ഉത്തര്‍കാലിയ സ്വദേശിനി റുമാ ബീഗമാണ് (37) പിടിയിലായത്. കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ പാണംപള്ളത്ത് വാടക വീട്ടില്‍ താമസിച്ച് വരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് ഇവരെ ഫോറിനേഴ്സ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തത്. ആലത്തൂര്‍ എരുമയൂര്‍ സ്വദേശി സുബൈര്‍ എന്നയാളുടെ കൂടെ താമസിച്ചുവരുകയായിരുന്നു റുമാ.
കഴിഞ്ഞമാസം ആലത്തൂരില്‍ മുളകുപൊടി എറിഞ്ഞ് നടത്തിയ മോഷണശ്രമത്തില്‍ സുബൈര്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൂടെ താമസിച്ച യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. കൊഴിഞ്ഞാമ്പാറ എസ്‌ഐയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്ത് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്ത് പാലക്കാട് ജില്ല ജയിലിലേക്ക് മാറ്റി. വിദേശകാര്യ മന്ത്രാലയത്തിന്റെ കൊച്ചിയിലെ ഓഫിസില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കൊഴിഞ്ഞാമ്പാറ പോലീസ് വ്യക്തമാക്കി.