തൃശൂര്‍ : സ്ത്രീധന പീഡനം കാരണം തൃശ്ശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം.
അഫ്സാനയുടെ ഭര്‍ത്താവ് അമല്‍ പണം ആവശ്യപ്പെട്ട് പലതവണ വിളിച്ചിരുന്നു എന്ന് അഫ്സാനയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമല്‍ മര്‍ദിക്കുന്നെന്ന് പറഞ്ഞ് മുമ്പും മകള്‍ ഫോണ്‍ വിളിച്ചിരുന്നു. അഫ്സാന സ്വന്തം വീട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് മകള്‍ വിളിച്ച് കൂട്ടി കൊണ്ടു പോകണമെന്ന് പറഞ്ഞിരുന്നു. അത് അനുസരിച്ച് അഫ്സാനയുടെ അമ്മയും മുത്തശ്ശിയും വീട്ടിലെത്തിയപ്പോഴേക്കും മകളെ ആശുപത്രിയില്‍ ആക്കിയിരുന്നു. പടിക്കെട്ടില്‍ നിന്ന് വീണ് പരിക്കു പറ്റിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ആശുപത്രിയില്‍ ചെന്നപ്പോഴാണ് ആത്മഹത്യ ശ്രമമാണെന്ന് അറിഞ്ഞത്. അമലിന്‍റെ പീഡനം കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തതതെന്ന് പിതാവ് റഹീം ആരോപിച്ചു. തൃശ്ശൂര്‍ പെരിഞ്ജനം സ്വദേശി അഫ്സാന ആണ് ആത്മഹത്യ ചെയ്തത്. ചികിത്സയിലായിരുന്ന അഫ്സാന ഇന്നലെയാണ് മരിച്ചത്. സ്ത്രീധന പീഡനത്തിന്‍റെ പേരില്‍ ആത്മഹത്യ ശ്രമം നടത്തി ആശുപത്രിയില്‍ ചികില്‍സിലിരിക്കെയാണ് മരണം.
ഓഗസ്റ്റ് ഒന്നിന് മൂന്നുപീടികയിലെ ഫ്ളാറ്റില്‍ ആണ് അഫ്സാന തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ പുലര്‍ച്ചെ ആണ് മരണം. ഭര്‍ത്താവ് അമലിനെ കഴിഞ്ഞ ദിവസം കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വര്‍ഷം മുന്‍പാണ് അമല്‍ അഫ്സാനയെ വിവാഹം കഴിച്ചത്. പീഡനത്തെ തുടര്‍ന്ന് മുന്‍പ് അഫ്സാന സ്വന്തം വീട്ടിലേക്ക് പോയിരുന്നെങ്കിലും വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പ് ആക്കിയിരുന്നു. പിന്നീടും പീഡനം തുടര്‍ന്നതോടെയാണ് ആത്മഹത്യ.