പത്തനംതിട്ട : പഠനാവശ്യത്തിനായി പതിനഞ്ചുകാരന്‍ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരം വാട്സാപ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ മുറിഞ്ഞകൽ മനീഷ് വിലാസത്തിൽ മനോഹരൻ മകൻ മനീഷാണ് (32) പോക്സോ നിയമപ്രകാരമെടുത്ത കേസിൽ അറസ്റ്റിലായത്. ഈമാസം 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയോട് അശ്ലീലസന്ദേശങ്ങൾ അയച്ചത്.
13 ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇയാളെ മുറിഞ്ഞകൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ്ഐ അലി അക്ബർ, എഎസ്ഐ അനിൽ കുമാർ, സിപിഒമാരായ അരുൺ, ടെന്നിസൻ എന്നിവരും ഉണ്ടായിരുന്നത്.