എറണാകുളം: കൊച്ചിയിൽ സെഡേറ്റീവ് – ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന 75 അതിമാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ. കൊച്ചി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ ആണ് പിടിയിലായത്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികകൾ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത ഗുളികകൾ 15 ഗ്രാമോളം തൂക്കമുണ്ടായിരുന്നു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എറണാകുളം ഐ.ബി, സ്പെഷ്യൽ സ്ക്വാഡ് എന്നീ ടീമുകൾ സംയുക്തമായിട്ടാണ് റെയിഡ് നടത്തിയത്. പ്രതി മയക്ക് മരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നിൽക്കവേ എക്സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റ് മേൽനോട്ടത്തിലുള്ള ടീം ഇയാളെ കുറച്ചു നാളായി നിരീക്ഷിച്ച് വരുകയായിരുന്നു. ഇത്തരം ഗുളികകളുടെ അനാവശ്യമായ ഉപയോഗം അമിത രക്ത സമ്മർദ്ദത്തിന് ഇടയാക്കുകയും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതമുണ്ടാക്കുകയും അത് കാരണമായി ഹൃദയാഘാതം വരെ സംഭവിക്കാൻ കാരണമാവുകയും ചെയ്യുമെന്നാണ് മെഡിക്കൽ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ഇയാളിൽ നിന്ന് മയക്കു മരുന്ന് ഗുളികകൾ വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള വിമുക്തി സൗജന്യ ലഹരി മുക്ത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു. എറണാകുളം സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ, കെ.പി പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി.ടോമി, എറണാകുളം ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ, സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ സി.പി, സജോ വർഗ്ഗീസ്, ടി.ടി ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.