പാപ്പിനിശ്ശേരി : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ. കണ്ണൂർ അരോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനുസമീപത്തെ വിഷ്ണു ശങ്കറിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിയെ നിരവധി തവണ പറശ്ശിനിക്കടവിലുള്ള ലോഡ്ജിൽ എത്തിച്ച് വിഷ്ണുശങ്കർ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവശേഷം ഒളിവിലായിരുന്ന വിഷ്ണുശങ്കറിനെ ശനിയാഴ്ച രാവിലെ അരോളിയിലെ ഒളിത്താവളത്തിൽവെച്ചാണ് ഇൻസ്പെക്ടർ രാജേഷ് മാര്യാമംഗലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. യുവതി പോലീസിൽ പരാതി നൽകിയതറിഞ്ഞ വിഷ്ണുശങ്കർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനുശേഷം നാട്ടിൽ തിരിച്ചെത്തി.
ഒളിവിൽ കഴിയുന്നതിനിടയിൽ വിഷ്ണുശങ്കർ പുതുതായി സംഘടിപ്പിച്ച ഫോൺ നമ്പർ പോലീസിന് ലഭിച്ചതിനെ തുടർന്ന് സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിലാണ് വാസസ്ഥലം കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മുന്‍പ് അരോളിയിലെ സജീവ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായിരുന്ന വിഷ്ണുശങ്കർ 2016 ൽ അരോളിയിലെ യുവമോർച്ച പ്രവർത്തകൻ സജിത്തിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ലോക് ഡൗൺ സമയത്ത് ചാരായം വാറ്റിയതിന് പാപ്പിനിശ്ശേരി എക്സൈസ് അന്വേഷിക്കുന്ന കേസിലും മണൽ കടത്ത് കേസിലും വിഷ്ണുശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ സുവർണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സിനോബ്, ശ്രീജിത്ത്, കമലേഷ്, സുഭാഷ് എന്നിവർ വിഷ്ണുശങ്കറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു