തൃശ്ശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. അയ്യന്തോള്‍ തൃക്കുമാരംകുടം അമ്പാടിവീട്ടില്‍ രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍വീട്ടില്‍ ആഷിഖ് (20) എന്നിവരെയാണ് പോക്സോ കേസില്‍ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ കാറുമായി കാത്തുനിന്ന യുവാക്കള്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാറില്‍ കയറ്റിപ്പോകുന്നതിനിടയില്‍ അയ്യന്തോള്‍ തൃക്കുമാരംകുടം ഭാഗത്തുവെച്ച് പോലീസ് പിടിയിലാകുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ സ്‌കൂളിനു മുന്‍വശത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോകുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ ഒന്നാംപ്രതി രാഹുലിന്റെ വീട്ടില്‍വെച്ച് പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. തൃശ്ശൂര്‍ എ.സി.പി. വി.കെ. രാജുവിന്റെ നിര്‍ദേശപ്രകാരം നെടുപുഴ എസ്.എച്ച്.ഒ. ടി.ജി. ദിലീപ്, സബ് ഇന്‍സ്പെക്ടര്‍ കെ. അനുദാസ്, ഗ്രേഡ് എസ്‌ഐ.മാരായ അനില്‍, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.






























