കോതമംഗലം: സൗഹൃദം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് യുവാക്കള്‍. നെല്ലിക്കുഴി ചിറപ്പടി, ഇളബ്രക്കുടി വീട്ടില്‍ അഷ്‌കര്‍ (22), ഭൂതത്താന്‍കെട്ട് ചിറപ്പുറം സല്‍ഫാസ് (22), ചാലുങ്കല്‍ ഹക്കീം (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകല്‍ പോലീസ് ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത്.
മണിക്കിണര്‍ നിവാസിയുടെ വീട്ടിലേക്കാണ് ഇവര്‍ രണ്ടുദിവസങ്ങളിലായി ഗുണ്ട് എറിഞ്ഞത്. ആദ്യ ദിവസം വീടിന്റെ മുറ്റത്താണ് ഗുണ്ടുപൊട്ടിയത്. രണ്ടാം ദിവസം എറിഞ്ഞ ഗുണ്ട് മതിലില്‍ തട്ടി ദിശമാറി സമീപത്ത് റോഡില്‍ വീണ് പൊട്ടുകയായിരുന്നു. വീട്ടിലെ പെണ്‍കുട്ടിയുമായി അഷ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ആറ് മാസം മുമ്പ് പെണ്‍കുട്ടി അടുപ്പം വേണ്ടെന്ന് വെ വെയ്ക്കുകയായിരുന്നു. അഷ്‌കര്‍ പലതവണ അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടും പെണ്‍കുട്ടി വഴങ്ങിയില്ല. ഇതിന്റെ വൈരാഗ്യത്തില്‍ വീടിന് നേരെ തോട്ട എറിയാന്‍ അഷ്‌കര്‍ പദ്ധതിയിടുകയായിരുന്നു.
പെരുമ്പാവൂരിലെ പടക്കകടയില്‍ നിന്നാണ് അഷ്‌കര്‍ ഗുണ്ടുകള്‍ സംഘടിപ്പിച്ചത്. സ്‌കൂട്ടറില്‍ എത്തിയാണ് വീട്ടിലേക്ക് ഗുണ്ടെറിഞ്ഞത്. അഷ്‌കറും ഹക്കീമുമാണ് ആദ്യദിവസം ഗുണ്ടെറിയാന്‍ എത്തിയത്. രാത്രി 8.45 ആയപ്പോഴേയ്ക്കുമായിരുന്നു ആക്രമണം. രണ്ടാമത്തെ ദിവസം സല്‍ഫാസിനെയും കൂട്ടിയെത്തിയായിരുന്നു ആക്രമണം.വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ ഒ.എ സുനിലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് അക്രമികളെ തിരച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു. ഗുണ്ട് വീടിനുള്ളിലാണ് പതിച്ചതെങ്കില്‍ നാശനഷ്ടത്തിനും ഒരു പക്ഷേ മരണത്തിനും വരെ കാരണമാകുമായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായതെന്നുമാണ് പോലീസ് നിഗമനം.