തൃത്താല : കൂറ്റനാട് പട്ടാമ്ബി റോഡിലുള്ള ഗ്രീന്‍ ആന്‍ഡ് ഗ്രീന്‍ പെട്രോള്‍ പമ്ബില്‍ നിറുത്തിയിട്ട ബൈക്ക് കവര്‍ന്ന കേസിലെ പ്രതി രണ്ടുമാസത്തിനുശേഷം പിടിയില്‍. പൊന്നാനി കടവനാട് അസ്ഫലാണ് (തഫ്ളീര്‍ ദര്‍വേഷ് – 25) പിടിയിലായത്. കഴിഞ്ഞദിവസം വിയ്യൂര്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ചാലിശ്ശേരി പോലീസിന് കൈമാറി.
ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലേറെ കേസുകളുണ്ടെന്ന് ചാലിശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ.സി. വിനു അറിയിച്ചു. കൂറ്റനാട് പട്ടാമ്ബി റോഡിലെ പെട്രോള്‍ പമ്പ് ഓഫീസില്‍ രണ്ടുമാസം മുന്‍പാണ് പ്രതി മോഷണം നടത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ പമ്ബ് ഓഫീസിന്റെ മുകള്‍ഭാഗത്തെ ഗ്ലാസ് വാതില്‍ തുറന്ന് ഓഫീസ് മുറിക്കകത്ത് കടന്ന് അലമാരയും മേശയുമെല്ലാം കുത്തിത്തുറന്ന് പരിശോധന നടത്തി. ഓഫീസ് ഫയലുകളും മറ്റും സൂക്ഷിക്കുന്ന ഷെല്‍ഫുകളും തകര്‍ത്ത് പരിശോധിച്ചു.
ഓഫീസില്‍ നിന്ന് ഒന്നും കിട്ടാതായതോടെയാണ് ഇരുചക്ര വാഹനം മോഷ്ടിച്ച് സ്ഥലം വിട്ടത്. ഇതൊക്കെ നിരീക്ഷണകാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൃശൂര്‍ ഭാഗത്തുനിന്ന് ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ടെത്തുകയായിരുന്നു.