നേമം: യുവതിയെയും പിതാവിനെയും ആക്രമിച്ച യുവാവ് പിടിയില്‍. ആര്യനാട് ആനന്ദേശ്വരം സാഗര ഭവനില്‍ ഉണ്ണി എന്ന അനന്തു ആണ് (23) പിടിയിലായത്. മാര്‍ച്ച് 2 രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വിളപ്പില്‍ മിണ്ണംകോട് സ്വദേശിനിയായ 23കാരിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ യുവതി ആര്യനാട് സ്റ്റേഷനില്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പ്രതി മുറിയില്‍ അതിക്രമിച്ചു കയറുകയും യുവതിയുടെ പിതാവിനെ അസഭ്യം പറയുകയും ചെയ്തു. ജനാലച്ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും യുവതിയെ ആക്രമിച്ചു പരിക്കേല്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ പിതാവിന്റെ കണ്ണിനും ചെവിക്കും സാരമായി പരിക്കേറ്റു. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.