കൊല്ലം : കടലിലൂടെ തുടര്‍ച്ചയായി വള്ളങ്ങള്‍ കടത്തിയ യുവാവിന് ഭീകരബന്ധമുള്ളതായി സംശയം. നീണ്ടകര ഹാര്‍ബറിന് സമീപത്ത് നിന്ന് വള്ളവും എന്‍ജിനുകളും ഇന്ധന ടാങ്കുകളും ജി.പി.എസ് കോമ്പസുകളും കടത്തിയ തമിഴ്നാട്, കുളച്ചല്‍ വെള്ളമണ്‍, 15/165/12 വീട്ടില്‍ ജനിത്താണ് (27) പിടിയിലായത്.
മാര്‍ച്ച് 2നാണ് വള്ളവും ഏകദേശം നാലരലക്ഷം രൂപ വിലയുള്ള ഉപകരണങ്ങളും മോഷണം പോയത്. വള്ളം കടല്‍മാര്‍ഗം തമിഴ്നാട്ടിലേക്ക് കടത്തിയതാകാമെന്ന സംശയത്തില്‍ അവിടുത്തെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ തേങ്ങാപ്പട്ടണം ഹാര്‍ബറിന് അടുത്ത് വില്പനയ്ക്കായി വച്ചിരുന്ന മോഷണം പോയ സാഗരമാത വള്ളം കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് എന്‍ജിനുകളും ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ ജനിത്തിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജനിത്തിന്റെ താളക്കുടിയിലുള്ള വീട്ടില്‍ നിന്ന് എന്‍ജിനുകളും ഇന്ധന ടാങ്കുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.
കൊല്ലത്ത് നിന്നുള്ള അന്വേഷണ സംഘം ദിവസങ്ങളോളം തേങ്ങാപ്പട്ടണത്ത് തങ്ങിയെങ്കിലും ജനിത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ എവിടെയുണ്ടെന്ന് കണ്ടെത്താനായില്ല. പല ഹാര്‍ബറുകളിലായി മാറിമാറി താമസിക്കുന്നതായിരുന്നു പ്രതിയുടെ ശൈലി. ഇതിനിടയില്‍ താളക്കുടി എന്ന സ്ഥലത്ത് പ്രതി ഇടയ്ക്കിടെ എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതോടെ അവിടെ ജനിത്തിനായി വലവിരിച്ചു. വയല്‍വരമ്പിലൂടെ നടന്നുവരികയായിരുന്ന ജനിത്തിനെ പിടിക്കാന്‍ ബൈക്കിലെത്തിയ പോലീസ് സംഘം ശ്രമിച്ചെങ്കിലും വഴുതി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച അരുള്‍വായ്മൊഴി എന്ന സ്ഥലത്തുള്ള ജനിത്തിന്റെ ബന്ധു തൂങ്ങിമരിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ ജനിത്തിനെ വിളിപ്പിക്കാന്‍ തമിഴ്നാട് പോലീസിനോട് ആവശ്യപ്പെട്ടു. അതിനായി ഇന്നലെ ജനിത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ ഇവിടെ നിന്നുള്ള പോലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രെയിന്‍ മാര്‍ഗം കൊല്ലത്ത് എത്തുന്ന ജനിത്ത് ഹാര്‍ബറുകളില്‍ തമ്പടിച്ച ശേഷം അവസരം കിട്ടുമ്പോള്‍ വള്ളവും ഉപകരണങ്ങളും കടല്‍മാര്‍ഗം കടത്തും. പിന്നീട് നമ്പര്‍ മാറ്റി വില്‍ക്കുന്നതാണ് പതിവ്.
കോസ്റ്റല്‍ എസ്.ഐ എം. അബ്ദുല്‍ മജീദ്, എ.എസ്.ഐ ഡി. ശ്രീകുമാര്‍, സി.പി.ഒമാരായ രഞ്ജിത്ത്, എ. അനില്‍, കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വള്ളം മോഷ്ടിച്ചത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണോയെന്ന സംശയവുമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും സമാനമായ മറ്റ് മോഷണങ്ങളെക്കുറിച്ചുള്ള വിവരത്തിനുമായി പ്രതിയെ നാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കോസ്റ്റല്‍ സി.ഐ എസ്. ഷെരീഫ് അറിയിച്ചു.