ജയ്പുര്‍: ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി യുവാവ്. രാജസ്ഥാനിലെ ബിജെഎസ് കോളനി സ്വദേശി വിക്രം സിംഗ് (35) ആണ് ഭാര്യ ശിവ് കന്‍വാറിനെ(30) കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരിക്കുന്നത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.
ഭാര്യയെ കൊലപ്പെടുത്തിയെന്ന വിവരം യുവാവ് തന്നെയാണ് പോലീസിനെയും ഭാര്യയുടെയും വീട്ടുകാരെയും വിളിച്ചറിയിച്ചത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭാര്യക്കരികിലിരുന്ന് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്നു വിക്രം എന്നാണ് റിപ്പോര്‍ട്ട്.
യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് മഹമാന്ദിര്‍ എസ്‌എച്ച്‌ഒ കൈലാഷ്നാഥന്‍ അറിയിച്ചത്. തൊഴില്‍രഹിതനായിരുന്നു വിക്രം. ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ കലഹം പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന ദിവസവും ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായി. ദേഷ്യം വന്ന വിക്രം കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു. തയ്യല്‍ത്തൊഴിലാളി ആയിരുന്നു കൊല്ലപ്പെട്ട ശിവ്.
‘കത്രിക ഉപയോഗിച്ച് നിരവധി തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ യാതൊരു കുറ്റബോധവുമില്ലാതെ മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു’ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
വിക്രം-ശിവ് ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. സംഭവസമയത്ത് ഇവര്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.