മലപ്പുറം : ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും ആറുവയസുകാരനായ മകനെയും അര്‍ധരാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷി(43)നെ ആണ് തേഞ്ഞിപ്പലം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അഷ്റഫും സംഘവും അറസ്റ്റ് ചെയ്തത്.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപ്പരുത്തി സിന്ധു (42), മകന്‍ അഭിരാം (ആറ്) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ സിന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം. വെട്ടേറ്റ അഭിരാം പ്രാണരക്ഷാര്‍ത്ഥം ഓടി സമീപമുള്ള മുരളിയുടെ വീട്ടിലെത്തി ഉറക്കെ കരയുകയായിരുന്നു.
കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികള്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചത്. വിവിധ ഭാഗങ്ങളിലായി ഏഴോളം വെട്ടുകളാണ് സിന്ധുവിന്റെ ശരീരത്തിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഒരു ചെവി വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ദമ്പതികള്‍ തമ്മില്‍ നേരത്തെയും കുടുംബ വഴക്ക് നിലനിന്നിരുന്നു, ഇതാണ് അക്രമത്തില്‍ കലാശിച്ചതെന്നാന്ന് റിപ്പോര്‍ട്ട്. പ്രതിയെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.