പുതുപ്പള്ളി: പുതുപ്പള്ളിയില്‍ പിതൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പുതുപ്പള്ളി തലപ്പാടി മൂലക്കുളം ജേക്കബ് മാത്യു(35)വിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ പിതൃസഹോദരന്റെ വീട്ടിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെയും വീട്ടിലുണ്ടായിരുന്ന മധ്യവയസ്കനായ മറ്റൊരു പിതൃസഹോദരനെയും ആക്രമിക്കുകയായിരുന്നു.
സഹോദരനെ ചീത്തവിളിക്കുകയും അടിക്കുകയും ചെയ്യുന്നതു കണ്ട് തടയാന്‍ ചെന്ന മധ്യവയസ്കനെ ഇയാള്‍ കൈയില്‍ കരുതിയ ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ചു. ജേക്കബ് മാത്യുവും പിതൃസഹോദരനുമായി കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ വീടുകയറി ആക്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.