തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകയ്‌ക്കെടുത്ത കടയില്‍ വ്യാപാരം തുടങ്ങാനാകാത്തതിലെ മനോവിഷമം മൂലമുള്ള ആത്മഹത്യയെന്നാണ് സൂചന. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ബിനു കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കെഎസ്ആര്‍ടിസിയുടെ തമ്പാനൂരിലുള്ള ബസ് ടെര്‍മിനലില്‍ താഴത്തെ നിലയില്‍ ബിനു കുമാറിന് കടയുണ്ടായിരുന്നു. ഇതിനോട് ചേര്‍ന്ന് ഒരു ബേക്കറി കട തുടങ്ങാന്‍ തീരുമാനമുണ്ടായിരുന്നു. ഇതിന് വേണ്ടി കെടിഡിസിയുടെ കയ്യില്‍ നിന്ന് മുറി വാടകക്കെടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം മുറിയുടെ വാടക നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ കട തുറക്കാന്‍ അനുവാദവും ലഭിച്ചിരുന്നില്ല. ഇതില്‍ മനോവിഷമത്തിലായിരുന്നു. ഈ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വ്യാപാര വ്യവസായ സമിതി അംഗങ്ങള്‍ പറയുന്നു.