തിരുവനന്തപുരം : വാട്സാപ്പ് ചോർച്ച യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷന്മാർക്ക് സസ്പെൻഷൻ. എൻ.എസ് നുസൂർ, എസ്.എം ബാലു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിലെ പീഡന ആരോപണം പ്രചരിപ്പിച്ചതും ഇവരാണെന്നാണ് സംശയിക്കുന്നത്. പാലക്കാട് ചിന്തൻശിബിരിൽ വനിത നേതാവ് അപമാനിക്കപ്പെട്ടെന്ന ആരോപണം പ്രചരിപ്പിച്ചു, വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കെ.എസ് ശബരിനാഥൻ നടത്തിയ വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകൾ ചോർത്തി.
സംസ്ഥാന നേതൃത്വത്തിന്റെ ഈ കുറ്റാരോപണങ്ങൾ ഉയർത്തിയാണ് എൻ.എസ് നുസൂറിനും എസ്.എം ബാലുവുവിനുമെതിരായ അച്ചടക്ക നടപടി. വാട്സാപ്പ് ചാറ്റുകൾ ചോർന്നത് ഉൾപ്പെടെ ആരോപണങ്ങൾ അന്വേഷിക്കുന്ന ദേശീയ സെക്രട്ടറി സുർഭി ദ്വിവേദിയുടെ റിപ്പോർട്ട് വന്ന ശേഷം തുടർ നടപടി സ്വീകരിക്കും. അതേസമയം, ഇക്കാര്യത്തിൽ തങ്ങളെ കരുവാക്കാൻ ശ്രമിക്കുകയാണെന്നാണ് നുസൂറിന്റെയും ബാലുവിന്റെയും വാദം.
വിവരങ്ങൾ ഇതിനു മുൻപും ചോർന്നിട്ടുണ്ടെന്നും സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ നടപടിയെടുക്കാത്തത് കൊണ്ടാണ് ആവർത്തിക്കപ്പെടുന്നതെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നുസൂറും ബാലുവും ഉൾപെടെ 12 ഭാരവാഹികൾ ഇന്നലെ ദേശീയ പ്രസിഡന്റിന് കത്തയച്ചിരുന്നു. ഈ കത്ത് പരസ്യമായതിന് പിന്നാലെയാണ് നടപടി. അച്ചടക്ക നടപടി മാധ്യമങ്ങളിലുടെയാണെന്ന് അറിഞ്ഞതെന്നും നാളെ രാവിലെ പരസ്യമായി പ്രതികരിക്കുമെന്നും നുസൂർ ഫേസ്ബുക്കിൽ കുറിച്ചു. നുസൂർ എ ഗ്രൂപ്പ് നോമിനിയും ബാലു ചെന്നിത്തല നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പ് നോമിനിയുമാണ്.