തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്‍റെ ചിത്രം തെളിഞ്ഞപ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ട് മല്‍സരം. എ ഗ്രൂപ്പില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍നിന്ന് അബിന്‍ വര്‍ക്കിയുമാണ് മത്സരിക്കുന്നത്. കെസി വേണുഗോപാല്‍ പക്ഷം അവസാനനിമിഷം മത്സരത്തില്‍നിന്ന് പിന്മാറി. കെ.സുധാകരന്‍- വിഡി സതീശന്‍ പക്ഷങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സമദൂര നിലപാടിലാണ്.
ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്‍റെ രണ്ടുമുഖങ്ങള്‍. രണ്ടുപേരും നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിമാര്‍. മത്സരം രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയുമായി നേരിട്ട്. എങ്കിലും ഇരു ഗ്രൂപ്പുകളിലും വിമതരും മത്സരത്തിനുണ്ട്. നാലുപേരാണ് എ ഗ്രൂപ്പില്‍നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള ഒ ജെ ജനീഷ് അബിന്‍ വര്‍ക്കിക്ക് വിമതനായി ഐ ഗ്രൂപ്പില്‍നിന്നുണ്ട്.
അവസാനദിവസം വരെ ബിനു ചുള്ളിയിലിനെ മത്സരിപ്പിക്കാനിരുന്ന കെസി വേണുഗോപാല്‍ പക്ഷം മത്സരത്തില്‍ നിന്ന് പിന്മാറി. കെ സുധാകരന്‍ വിഡി സതീശന്‍ പക്ഷങ്ങളുടെ പിന്തുണ കിട്ടാതെ വന്നതോടെ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലാണ് പിന്മാറ്റത്തിന് കാരണം. എന്നാല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യമിട്ട് കെസി പക്ഷത്തുനിന്ന് അരിത ബാബു മത്സരിക്കുന്നുണ്ട്. വീണാ എസ് നായരാണ് നാമനിര്‍ദേശ പത്രിക നല്‍കിയ മറ്റൊരു വനിത.
കെ സുധാകരനും വിഡി സതീശനും ഒരു പക്ഷത്തോടും പ്രത്യേക മമതയില്ല, ഇതോടെ വിശാല ഐ ഗ്രൂപ്പിനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമം വിജയിച്ചില്ല. പത്രിക സമര്‍പ്പിക്കാനുള്ള സമയം അഞ്ചുമണിക്ക് അവസാനിച്ചപ്പോള്‍ 14 പേരാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഇരുനൂറിലേറെപ്പേരാണ് പത്രിക നല്‍കിയത്. ഒരുമാസം നീണ്ടുനില്‍ക്കുന്നതാണ് വോട്ടിങ് രീതി. ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ സംസ്ഥാന കോണ്‍ഗ്രസില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വരുംദിവസങ്ങളില്‍ ഭിന്നതകൂട്ടും.