തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം തെരുവിൽ. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷമുണ്ടായി. പ്രതിപക്ഷ സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് കപ്പലും കപ്പിത്താനുമായി പ്രതിഷേധിച്ചു. പ്രതീകാത്മക കപ്പൽ പ്രവർത്തകർ തല്ലിത്തകർത്തു. പിന്നാലെ സമരക്കാർ റോഡ് ഉപരോധിക്കുകയായിരുന്നു. റോഡ് ഉപരോധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കുന്നതിനിടെ സംഘർഷമുണ്ടായി. അറസ്റ്റ് ചെയ്ത് നീക്കാൻ എത്തിച്ച പോലീസ് വാഹനത്തിന് തകരാർ സംഭവിച്ചു.
ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. തൃശൂർ പാലിയേക്കരയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ടോൾ പ്ലാസക്ക് സമീപം പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജുണ്ടായി. വയനാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസിൽ റീത്തുവച്ചു. കണ്ണൂർ ഡിഎംഒ ഓഫീസിലേക്കും, കൊല്ലം കളക്ടറേറ്റിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് നടന്ന ബിജെപിയുടെ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.