പത്തനംതിട്ട : കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ധൂർത്തടിക്കുന്ന പണം പ്രവാസികൾക്കു നാട്ടിൽ വരാൻ ടിക്കറ്റ് എടുത്തുകൊടുക്കുവാൻ വിനിയോഗിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ചുകൊണ്ടിരിക്കുന്ന നീറോ ചക്രവർത്തിയെ അനുസ്മരിക്കും വിധം ആണ് പിണറായി വിജയൻ. ശമ്പളം പോലും കൊടുക്കുവാൻ ആകാത്തവിധം സാമ്പത്തികമായി തകർന്നടിഞ്ഞിട്ടും ധൂർത്തും ആർഭാട ഭരണവുമായാണ് മുന്നോട്ടുപോകുന്നത്. എൽഡിഎഫ് സർക്കാരിന്റെ ആർഭാടത്തിൽ മുങ്ങിയ രാജഭരണത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങുമെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു.
പ്രതീകാത്മക ഹെലികോപ്റ്ററും, പ്ലക്കാർഡ് മായിട്ടാണ് സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു. അന്‍സാര്‍ മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ വിശാഖ് വെൺപാല, ജി മനോജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം എം പി ഹസ്സൻ, ലക്ഷ്മി അശോക് എന്നിവർ നേതൃത്വം നൽകി.