തിരുവല്ല : തിരുവല്ല വൈദ്യുതിഭവനു മുന്നില്‍ പ്രതിഷേധ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി . കൈയ്യാങ്കളി മൂത്ത് പ്രസിഡന്റിന്റെ തല തല്ലിപ്പൊളിച്ചു. പ്രതിഷേധസമരം ആര് ഉദ്ഘാടനം ചെയ്യും എന്ന വിഷയത്തില്‍ തുടങ്ങിയ തര്‍ക്കമാണ് ചോരക്കളിയില്‍ വരെ എത്തിയത്.
ജില്ലാ വൈസ് പ്രസിഡന്റ് സമരം ഉദ്ഘാടനം ചെയ്യണമെന്ന് ഒരുകൂട്ടര്‍ വാദിച്ചപ്പോള്‍ ബ്ലോക്ക് പ്രസിഡന്റ് മതിയെന്ന് മറ്റൊരുകൂട്ടര്‍ വാദിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കവും വെല്ലുവിളിയുമായി. പിന്നെ പൊരിഞ്ഞ തല്ലായി. അവസാനം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചുപൊട്ടിച്ചു സഹയൂത്തുകാര്‍. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വിശാഖിന്റെ തലയില്‍ മൂന്ന് തുന്നലുണ്ട്. ബ്ലോക്ക് പ്രസിഡന്റ് ജാസ് പോത്തനും കൂട്ടാളി ഷൈലുവുമാണ് അക്രമിച്ചതെന്ന് വിശാഖ് വെണ്‍പാലയും സഹപ്രവര്‍ത്തകരും പറയുന്നു.
എന്തായാലും ഒന്നിച്ച് പ്രതിഷേധിക്കാനിറങ്ങി പരസ്പരം പ്രതിഷേധിച്ചു തീര്‍ത്തു. യുത്ത് കോണ്‍ഗ്രസിനു മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ നാണക്കേടായി ഇന്നത്തെ കയ്യാങ്കളി സമരം.
തമ്മില്‍തല്ലി നേതാവിന്റെ തലതല്ലിപൊളിച്ചത് സംഘടനയ്ക്കുള്ളില്‍ നാണക്കേടിനും പുതിയ ചര്‍ച്ചയ്ക്കും വഴിയൊരുക്കി.