ഇടുക്കി: ഇറച്ചിവില്‍പ്പനയ്ക്കായി കന്നുകാലിയെ മോഷ്ടിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനുമടക്കം മൂന്നുപേരെ വാഗമണ്‍ പോലീസ് അറസ്റ്റുചെയ്തു. യൂത്ത് കോണ്‍ഗ്രസ് കുടയത്തൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ് കാഞ്ഞാര്‍ ഇരണിക്കല്‍ വീട്ടില്‍ ഷിയാസ് ഇരണിക്കന്‍(30), സഹോദരന്‍ അല്‍ത്താഫ് (23) ഹാറുണ്‍ റഷീദ് (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഷിയാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. വാഗമണ്ണിലുള്ള ഓറിയോണ്‍ ഫാമില്‍നിന്ന് പശുവിനെ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. വാഗമണ്‍ പ്രദേശത്തുനിന്ന് പശുക്കള്‍ മോഷണംപോകുന്നത് പതിവായിരുന്നു. ഫാം മാനേജര്‍ ഇതരസംസ്ഥാനക്കാരായ ജോലിക്കാരെ സംശയിച്ചിരുന്നു. പരിശോധിക്കുന്നതിനായി തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മാനേജര്‍ ഫാമിലെത്തി. അപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന് സമീപം ഒരു പശുവിനെ കെട്ടിയിട്ടത് കണ്ടു. സമീപമുണ്ടായിരുന്നയാള്‍ ഓടാന്‍ ശ്രമിച്ചു. ഇയാളെ പിടികൂടി. തുടര്‍ന്ന് ഫാമിലേയ്ക്ക് കയറുമ്പോള്‍ അവിടെനിന്ന് രണ്ടുപേര്‍ ഇറങ്ങിയോടി. പിടിയിലായയാളുടെ മൊഴിയനുസരിച്ച് ഇവരെയും പിന്നീട് അറസ്റ്റുചെയ്തു.
കുടയത്തൂരില്‍ ഇറച്ചിക്കട നടത്തുകയായിരുന്നു ഷിയാസും സഹോദരനും. കടയില്‍ വാഗമണ്‍ ഇറച്ചി എന്ന് ബോര്‍ഡും വെച്ചിരുന്നു. മറ്റിടങ്ങളില്‍ 400 രൂപയ്ക്ക് വില്‍ക്കുന്ന ഇറച്ചി ഇവിടെ 280 രൂപയ്ക്കാണ് കൊടുത്തിരുന്നത്. മൂവരെയും റിമാന്‍ഡുചെയ്തു.