തിരുവനന്തപുരം : അരുവിക്കര എം എല്‍ എ കെ എസ് ശബരീനാഥനെതിരെ പരസ്യപോരിനൊരുങ്ങി യൂത്ത് ലീഗ്. എം എല്‍ എക്കെതിരെ യൂത്ത് ലീഗ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി.
ശബരീനാഥനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് യൂത്ത് ലീഗിന്‍റെ പ്രമേയത്തില്‍ ആവശ്യപെടുന്നു. അച്ഛന്‍ ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് പറഞ്ഞാല്‍ വോട്ട് കിട്ടുന്ന കാലം കഴിഞ്ഞുവെന്നും കെ എസ് ശബരിനാഥന്‍ ചോരയും നീരും ഊറ്റിക്കുടിച്ച വീര്‍ത്ത കുളയട്ടയെന്നും പരസ്യമായി പ്രമേയത്തില്‍ പറയുന്നു. ശബരീനാഥന്റെ പ്രവര്‍ത്തനം ജനാഭിലാഷത്തിന്റെ നിലവാരത്തിനൊപ്പം ഉയരുന്നില്ലെന്നും എം എല്‍ എ സ്വീകരിക്കുന്നത് ഏകാതിപത്യരീതിയാണെന്നും അര്‍ഹത ഇല്ലാത്തവര്‍ അധികാരത്തില്‍ എത്തിയതിന്റെ ഉദാഹരണമാണ് ശബരീനാഥനെന്നും പ്രമേയത്തില്‍ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മേഖലയില്‍ മുസ്ലീം ലീഗിനും ശബരിനാഥനോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. വര്‍ഗ്ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് ശബരിനാഥന്‍ സ്വീകരിക്കുന്നത് എന്ന ഗുരുതര ആരോപണം ആണ് യൂത്ത് ലീഗ് ഉന്നയിക്കുന്നത്.
മാത്രമല്ല ശബരീനാഥനെതിരെ അരുവിക്കരയില്‍ ഇത്തവണ മത്സരിപ്പിക്കരുത് എന്നാണ് മണ്ഡലത്തിലെ കേണ്‍ഗ്രസ് നേതൃത്വ പേലും മുന്നോട്ട് വയ്ക്കുന്ന ആവശ്യം. പ്രാദേശിക നേതാക്കളുടെ ഈ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ലെങ്കില്‍ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധത്തിലേക്ക് പോകാനാണ് സാധ്യത. മുസ്ലീം വിഭാഗത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ യൂത്ത് ലീഗും ഇതേ ആവശ്യം ഉന്നയിക്കുന്നതിനാല്‍ ഇരു കൂട്ടരേയും പിണക്കി മുന്നോട്ട് പോകാന്‍ യു ഡി എഫ് നേതൃത്ത്വത്തിനാകില്ല.