തുറവൂര്‍ : സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ കുത്തേറ്റ യുവാവ് മരിച്ചു. പട്ടണക്കാട് പാറയില്‍ അടിവീട്ടില്‍ നികര്‍ത്ത് വിക്രമന്റെ മകന്‍ വിശ്വാസ് (28) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ പ്രതി മേനാശേരി സ്വദേശി കാണാപറമ്പ് വീട്ടില്‍ കടിയന്‍ എന്നുവിളിക്കുന്ന വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പാറയിലുള്ള സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു വിശ്വാസ്. വയറ്റില്‍ ആഴത്തിലുള്ള കുത്തേറ്റ് ആന്തരാവയവങ്ങള്‍ക്കുണ്ടായ പരുക്കാണ് മരണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിഷ്ണു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.