തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ.വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധം. ഡബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
മലയാള സിനിമയിലെ ഡബിംഗ് ആര്‍ട്ടിസ്റ്റായ സ്ത്രീയെ കുറിച്ചായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം. ഭാഗ്യലക്ഷ്മിയുടെ പേര് പറയാതെ പറഞ്ഞുകൊണ്ട് നടത്തിയ ഈ പരാമര്‍ശത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെയാണ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയാ സനയും ചേര്‍ന്ന് പ്രതിഷേധം അറിയിച്ചത്.
വിജയ് പി നായരുടെ യൂട്യൂബ് ചാനലില്‍ കടുത്ത സ്ത്രീ വിരുദ്ധതയും, സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണവുമാണ്. ഈ വീഡിയോകളിലൊന്നിലാണ് മലയാള സിനിമയിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ കുറിച്ചുള്ള പരാമര്‍ശവും.
ദിയാ സനയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവിട്ടത്. സ്ത്രീകള്‍ക്കിവിടെ സുരക്ഷിതമായി ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.