പത്തനംതിട്ട : സ്വപ്ന സുരേഷടക്കം മുഖ്യപ്രതികൾക്കെല്ലാം ശിവശങ്കറുമായി അടുപ്പമുണ്ടെന്ന് തെളിഞ്ഞ സ്ഥിതിക്ക് കള്ളക്കടത്തുകാരുടെ സംരക്ഷകനായി മുഖ്യമന്ത്രി മാറി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ എസ് പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിലെ തീ ബാധയിൽ ഫയലുകൾ നശിക്കപ്പെട്ടു എന്നത് അതീവ ഗൗരവത്തോടെ മാത്രമേ കാണാൻ കഴിയൂ. അന്വേഷണവുമായി ബന്ധപ്പെട്ട സിസി ടീവീ ദൃശ്യങ്ങൾ ഉൾപ്പടെ ഒന്നും തന്നെ നൽകുവാൻ തയ്യാറാകാത്ത മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ച് എസ് പി ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടയുകയും പ്രവർത്തകർക്ക് നേരെ പ്രകോപനം കൂടാതെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് സംഘർഷാവസ്ഥ ആയി. ഉദ്ഘാടനത്തിന് ശേഷം റോഡിൽ ഇരുന്നു പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് വീണ്ടും രണ്ടാം റൗണ്ട് ജലപീരങ്കി പ്രയോഗം നടത്തി. ജില്ലാ പ്രസിഡണ്ട് എം ജി കണ്ണൻ അടക്കം നിരവധി പ്രവർത്തകർക്ക്പരിക്കേറ്റു. മുൻ സംസ്ഥാന ജന സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വിശാഖ് വെൺപാല, ജി മനോജ്, ജില്ലാ ഭാരവാഹികളായ, എം എംപി ഹസ്സൻ, ജിജോ ചെറിയാൻ, ലക്ഷ്മി അശോക്, ഉണ്ണികൃഷ്ണൻ ചൂരക്കോട്, ഷിജു തോട്ടപ്പുഴശ്ശേരി, ആരിഫ് ഖാൻ, ഷിനി മെഴുവേലിൽ, അനൂപ് വേങ്ങവിളയിൽ, ജിതിൻ ജി നൈനാൻ, അലക്സ് കോയിപ്പുറത്ത്, അനന്തു ബാലൻ, കെഎസ് യൂ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, അഫ്സൽ വി ഷെയ്ഖ് ജോയൽ മുക്കരണത്ത്, ഗോപു കരുവാറ്റ, അഖിൽ അഴൂർ എന്നിവർ മാർച്ചിൽ പങ്കെടുത്തു.