ഹൈദരാബാദ്: വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ.എസ്.ശര്‍മിളയെ അറസ്റ്റ് ചെയ്തു. പോലീസുകാരെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. തെലങ്കാന പിഎസ്‌സിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഓഫിസില്‍ പോയി കാണുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞു. ഇത് ശര്‍മിളയ്ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെ ശര്‍മിള അടിക്കുകയും തള്ളിമാറ്റുകയും ചെയ്തത്.
എസ്‌ഐടി ഓഫിസിലേക്കുള്ള യാത്ര വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞിരുന്നു. കാറിനു മുന്നില്‍ പോലീസുകാര്‍ നിരന്നുനിന്നാണ് തടഞ്ഞത്. കുറച്ചുദൂരം പോലീസുകാരെ തള്ളിമാറ്റി പതിയെ ഓടിച്ചു പോയെങ്കിലും മുന്നോട്ടെടുക്കാന്‍ സാധിക്കാതിരുന്നതോടെ കാര്‍ നിര്‍ത്തി ശര്‍മിള പുറത്തിറങ്ങി. കാറില്‍ കയറുന്നതു തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ശര്‍മിള അടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഘര്‍ഷാവസ്ഥ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പോലീസ് എത്തിയതോടെ ശര്‍മിള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.