കൊച്ചി : പനങ്ങാട് ചതുപ്പ് നിലത്തിലേക്ക് ഇറങ്ങിയ ഹെലികോപ്ടര്‍ ചതുപ്പില്‍ നിന്ന് ഉയര്‍ത്തി മാറ്റി. ഹെലികോപ്ടര്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റി. ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദ്ഗധരുടെ മേല്‍നോട്ടത്തിലാണ് ഹെലികോപ്ടര്‍ നീക്കിയത്. യന്ത്രത്തകരാര്‍ മൂലം ഇന്നലെ രാവിലെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പിലേക്ക് ഇറക്കിയത്. എറണാകുളം പനങ്ങാടുള്ള ചതുപ്പ് നിലത്തിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയേയും ഭാര്യയേയും ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസും അഗ്‌നിശമന സേനയും ഹെലികോപ്റ്റര്‍ ഇറക്കിയയുടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയിരുന്നു. ജനവാസകേന്ദ്രത്തിന് മുകളില്‍ വെച്ചാണ് യന്ത്രത്തകരാറുണ്ടായത്. കെട്ടിടങ്ങളും വ്യവസായശാലകളും ഹൈവേയുമുള്ള പ്രദേശത്തുവെച്ചാണ് അപകടം തിരിച്ചറിഞ്ഞത്. യൂസഫലി, ഭാര്യ സാബിറ, പേഴ്‌സണല്‍ സെക്രട്ടറി പികെ ഷാഹിദ്, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
അതേസമയം ഹെലികോപ്ടര്‍ ക്രാഷ് ലാന്‍ഡിംഗ് ചെയ്യുകയായിരുന്നില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ ഹെലികോപ്ടറിന്റേത് ക്രാഷ് ലാന്‍ഡിംഗ് ആയിരുന്നില്ല. മഴ മൂലം പറക്കല്‍ ദുഷ്‌കരമാണെന്ന് പൈലറ്റ് വ്യക്തമാക്കി. ഇതോടെ യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് ചതുപ്പില്‍ ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.