ചെങ്ങന്നൂർ: പത്ത് വർഷമായി ചെളിക്കണ്ടം പോലെ തകർന്ന് കിടക്കുന്ന ആർ.കെ.വി – നാക്കട റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രതികാത്മകമായി കുഴികളിൽ പേപ്പർ വളളമിറക്കി പ്രതിഷേധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അജൂബ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. റോഡ് റീ-ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ യുവമോർച്ച നിവേദനം നൽകിയിട്ടും പ്രതികൂല നിലപാടാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി പുലർത്തുന്നത്.
ഇത് പ്രദേശത്തെ ജനങ്ങളോടുള്ള നിഷേധാത്മക നിലപാടും വെല്ലുവിളിയുമാണ്. റോഡ് പുനർ നിർമ്മിക്കുന്നതിൽ അധികൃതർ അലംഭാവം തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി യുവമോർച്ച രംഗത്തെത്തുമെന്നും അജൂപ് പറഞ്ഞു. യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് വിശാൽ പാണ്ടനാട് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പ്രവീൺ, ഭാരവാഹികളായ ശംഭു, സിദ്ധാർത്ഥ് എന്നിവർ പങ്കെടുത്തു.