കൊല്ലം : പോലീസുകാരെയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും വീട് കയറി അക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന നേതാവ്. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശ്യാം രാജാണ് ഭീഷണി മുഴക്കിയത്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണ്, എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നത് തുടങ്ങി മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി.
യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പോലീസ് കയറുന്നുവെന്നും അത് തുടര്‍ന്നാല്‍ തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും ആയിരുന്നു ഇയാള്‍ പറഞ്ഞത്. മന്ത്രി കെ ടി ജലീല്‍ രാജി വെയ്ക്കുക, ജില്ലയിലെ യുവമോര്‍ച്ച നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു വിവാദ പ്രസംഗം.