പത്തനംതിട്ട: മല്ലപ്പളളിയില്‍ നടന്ന യോഗത്തില്‍ ഭരണ ഘടനയെ തള്ളിപ്പറയുകയും ജുഡീഷ്യറിയെ വിമര്‍ശിക്കുകയും ചെയ്ത സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരേ വ്യാപക പ്രതിഷേധം. യുവമോര്‍ച്ച പത്തനംതിട്ടയില്‍ മന്ത്രിയുടെ കോലം കത്തിച്ചു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് ഭരണഘടനയില്‍ അവിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് മന്ത്രി പ്രസംഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് എഴുതി വെച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയില്‍ ഉള്ളതെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരു പരാമര്‍ശമുണ്ടായത് നിയമ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം. മന്ത്രി മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോലം കത്തിച്ചു. അബാന്‍ ജങ്ഷനില്‍ നിന്നും മന്ത്രിയുടെ കോലവുമായി പ്രകടനമായി ഗാന്ധി സ്‌ക്വയറില്‍ എത്തിയ ശേഷം അവിടെ കത്തിക്കുകയായിരുന്നു. ഭരണഘടനയില്‍ വിശ്വാസമില്ലാത്ത സജി ചെറിയാന് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും ഉടന്‍ രാജിവെക്കണമെന്നും യുവമോര്‍ച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.