ഡൽഹി: സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി. എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
ആഗോള മഹാമാരി സീ മീഡിയയെ വ്യക്തിപരമായി ബാധിച്ചിരിക്കുകയാണെന്ന് സുധീര്‍ ചൌധരി കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഒരു സഹപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഉത്തരവാദപ്പെട്ട സ്ഥാപനം എന്ന നിലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്. ഭൂരിഭാഗം പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നു. കാര്യമായ അസ്വസ്ഥതകളുമില്ല. രോഗനിര്‍ണയം പെട്ടെന്ന് നടത്തിയതുകൊണ്ടാണ് ഇത് സാധ്യമായതെന്നും സുധീര്‍ ചൌധരി പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സീ ന്യൂസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസും ന്യൂസ് റൂമും സ്റ്റുഡിയോകളും അണുവിമുക്തമാക്കാന്‍ അടച്ചിരിക്കുകയാണ്. തത്കാലത്തേക്ക് സീ ന്യൂസ് സംഘം മറ്റൊരിടത്തേക്ക് മാറി. ബാക്കിയുള്ളവരുടെയും കോവിഡ് ടെസ്റ്റ് നടത്തും. കൂടുതല്‍ കേസുകള്‍ ടെസ്റ്റില്‍ കണ്ടെത്തിയേക്കാം. അവരെ ഐസൊലേറ്റ് ചെയ്തും ചികിത്സിച്ചും മഹാമാരിയെ നേരിടുക തന്നെ ചെയ്യുമെന്നും സീ ന്യൂസ് വ്യക്തമാക്കി.
These are difficult times. 28 of my colleagues at @ZeeNews have tested positive for COVID-19. Thankfully all of them are fine,mostly asymptomatic. I wish them a speedy recovery and salute their courage & professionalism. Sharing the official statement with you. pic.twitter.com/50yW2auj0Y
— Sudhir Chaudhary (@sudhirchaudhary) May 18, 2020
”
2500 പേരാണ് സീ മീഡിയാ കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്നത്. എല്ലാ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സുധീര്‍ ചൌധരി പറഞ്ഞു. എന്നാല്‍ പ്രേക്ഷകരോട് പറയാനുള്ളത് ഭയരഹിതമായ വാര്‍ത്താശേഖരണം തുടരുമെന്നാണ്. കൃത്യനിര്‍വഹണത്തെ ഇത്തരം വെല്ലുവിളികള്‍ക്ക് തകര്‍ക്കാനാവില്ല. എല്ലാവര്‍ക്കും പെട്ടെന്നുതന്നെ രോഗം ഭേദമാകട്ടെയെന്ന് പറഞ്ഞാണ് സുധീര്‍ ചൌധരി കുറിപ്പ് അവസാനിപ്പിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഒരു മത വിഭാഗത്തെ ലക്ഷ്യം വെച്ച് വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൌധരിക്കെതിരെ കേരളത്തില്‍ കേസെടുത്തത്. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുടെ പരാതിയിലാണ് സുധീര്‍ ചൗധരിക്കെതിരെ കോഴിക്കോട് കസബ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 11ന് സുധീര്‍ ചൗധരി അവതരിപ്പിച്ച ഡിഎന്‍എ എന്ന പരിപാടി ഒരു മത വിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നുമാണ് പരാതി. ഇന്ത്യയിലെ മുസ്‍ലിംകള്‍ സാമ്പത്തിക, മാധ്യമ, വിദ്യാഭ്യാസ രംഗങ്ങളില്‍ ജിഹാദ് നടത്തുന്നുവെന്ന് പരിപാടിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇന്ത്യയില്‍ കോവിഡ് പടര്‍ത്തിയത് പ്രത്യേക വിഭാഗമാണെന്ന വിധത്തിലുള്ള വിദ്വേഷ പ്രചാരണം ചാനല്‍ നടത്തിയതിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു.