ന്യൂഡൽഹി : 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണയും ചിത്രത്തിലില്ല. കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഒരു സീറ്റും നേടാനായിരുന്നില്ല. ആ ചീത്തപ്പേര് ഇത്തവണ മാറ്റാന്‍ കഴിയുമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ വെറുതെയായി.
ഒരിടത്ത് പോലും കാര്യമായ മത്സരം നടത്താന്‍ കോണ്‍ഗ്രസിനായില്ല. എ.എ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ അല്‍ക ലാംപ ചാന്ദ്നി ചൌക്കില്‍ തുടക്കത്തില്‍ മുന്നിലായിരുന്നുവെങ്കിലും വൈകാതെ പിന്നിലായി. മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്താണ്.
15 വര്‍ഷം ഷീലാ ദീക്ഷിത് ഭരിച്ച ഡല്‍ഹിയിലാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നേതൃതലത്തില്‍ വന്ന പിഴവ് പ്രവര്‍ത്തകരെ പിന്നോട്ടുവലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു. ഷീല ദീക്ഷിതിനെ പോലെ ശക്തയായ നേതാവിന്റെ അഭാവം ഡല്‍ഹിയില്‍ പ്രകടമായെന്ന് മനു അഭിഷേക് സ്ങ്‍വി പ്രതികരിച്ചു.