കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് െചയ്തതായി ആരോഗ്യവിദഗ്ധര്‍. കാണ്‍പൂരിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ വാറന്‍റ് ഓഫിസര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ ഐ.എ.എഫ് ഉദ്യോഗസ്ഥന് കടുത്ത പനിയുണ്ടായിരുന്നുവെന്നും തുടര്‍ന്ന് എയര്‍ ഫോഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ നേപാല്‍ സിങ് പറഞ്ഞു.
പനിയെ കൂടാതെ മറ്റു ലക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെ രോഗിയുടെ സാമ്പിളുകള്‍ ശേഖരിക്കുകയും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയക്കുകയുമായിരുന്നു. ശനിയാഴ്ച സിക പോസിറ്റീവാണെന്ന പരിശോധന ഫലം വന്നു. രോഗിയുമായി സമ്പര്‍ക്കമുള്ളതും രോഗലക്ഷണങ്ങളുള്ളവരുമായ 24 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചതായി നേപാല്‍ സിങ് പറഞ്ഞു. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവിദഗ്ധര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സിങ് അറിയിച്ചു.