പന്തളം : അച്ചൻകോവിലാറ്റിലെ കടയ്ക്കാട് ആറാട്ടുകടവിൽ ആറാട്ടിനുശേഷം പന്തളത്ത് മഹാദേവർക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയതോടെ പന്തളം മഹാദേവർക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നുവന്ന ഉത്സവം സമാപിച്ചു. രാവിലെ ആറാട്ടുബലിതൂകി കൊടിയിറക്കിയശേഷമാണ് പത്തുമണിയോടെ കടയ്ക്കാട്ട് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത് നടന്നത്. 4.30-ന് ആറാട്ടിനുശേഷമാണ് ക്ഷേത്രത്തിലേക്ക് മൂന്ന് ആനകളുടെ അകമ്പടിയോടെ ഘോഷയാത്ര നടന്നത്. ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളിപ്പിന് വിവിധ പ്രാദേശിക സഭകളുടെ നേതൃത്വത്തിൽ 18 സ്ഥലങ്ങളിൽ സ്വീകരണം നൽകി. തീവെട്ടിയുടെ പ്രഭയിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു ക്ഷേത്രത്തിലേക്ക് വരവേൽപ് ഘോഷയാത്ര നടന്നത്.
കടയ്ക്കാട് ദേവീക്ഷേത്രത്തിലായിരുന്നു ആദ്യസ്വീകരണം. തുടർന്ന് ക്ഷേത്രംകവല, സെയ്ന്റ് മേരീസ് പള്ളി കുരിശടി, പ്രാഥമികാരോഗ്യകേന്ദ്രം കവല, പന്തളം കവല, കെ.എസ്.ആർ.ടി.സി. കവല, യക്ഷിവിളക്കാവുപടി ജങ്ഷൻ, മുട്ടാർ ധർമശാസ്താക്ഷേത്രം, അർപ്പിത ആശുപത്രിപ്പടി, തേവാലപ്പടി കവല, കുന്നിക്കുഴി കവല, അറത്തിൽമുക്ക്, ഗുരുക്കശ്ശേരിൽ ശ്രീഭദ്ര ഭഗവതീക്ഷേത്രം, അറത്തിൽ സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ഗവ. ഹൈസ്‌കൂൾ തോട്ടക്കോണം, മുത്താരമ്മൻ കോവിൽ, ക്ഷേത്രത്തിന്റെ തെക്കേനട, കിഴക്കേനട എന്നീ സ്ഥലങ്ങളിൽ വിവിധ പ്രാദേശിക സഭകളും സംഘടനകളും നാട്ടുകാരും നിലവിളക്കും നിറപറയും ദീപാലങ്കാരങ്ങളുമായി ഘോഷയാത്രയെ സ്വീകരിച്ചു. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം വലിയ കാണിക്കയും അകത്തെഴുന്നള്ളിപ്പും ആറാട്ടുകലശവും അത്താഴപൂജയും നടന്നു.