ലഖ്നൗ : 100 കോടിയുടെ വിദേശ സഹായം ലഭിച്ചെന്ന ആരോപണത്തിൽ മദ്രസകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട 80 മദ്രസ്സകളുടെ പ്രവർത്തനം പരിശോധിക്കാനാണ് എസ് ഐ ടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൂറ് കോടിയുടെ വിദേശ സഹായം ഈ മദ്രസകൾക്ക് ലഭിച്ചെന്നും അതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഈ ഫണ്ടിൽ ക്രമക്കേട് ഉണ്ടോ എന്നാണ് പരിശോധനയെന്നും സർക്കാർ വിവരിച്ചു.
വിവിധ കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളിൽ ഈ മദ്രസകൾ നിയന്ത്രിക്കുന്ന സൊസൈറ്റികളുടെയും എൻ ജി ഒകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നെന്നും ആരോപണമുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മദ്രസകൾക്കുള്ള വിദേശ ധനസഹായത്തിന്റെ ഉറവിടങ്ങൾ അന്വേഷിക്കാൻ യു പി സർക്കാർ രൂപീകരിച്ച എസ് ഐ ടിയുടെ തലവൻ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ, സൈബർ സെൽ പോലീസ് സൂപ്രണ്ട് എന്നിവരും സംഘത്തിലുണ്ടെന്നാണ് വിവരം.