പത്തനംതിട്ട : 108 ആംബുലന്‍സ് ജീവനക്കാര്‍ക്കുള്ള അവശ്യ സൗകര്യങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന 108 ആംബുലന്‍സിന്റെ ജില്ലാതല മോണിറ്ററിംഗ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
പൊതുജനങ്ങളില്‍ 108 ആംബുലന്‍സ് സര്‍വീസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കും. ജില്ലയിലെ 15 ആംബുലന്‍സുകളുടേയും പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ കൊക്കത്തോട്, പള്ളിക്കല്‍, എഴുമറ്റൂര്‍, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം കുറവാണെന്ന് കണ്ടെത്തി. ഈ മേഖലകളില്‍ നിന്നും ഉപയോഗം കൂടുതലുള്ള മേഖലകളിലേക്ക് ആംബുലന്‍സുകള്‍ മാറ്റുന്നതിനുള്ള സാഹചര്യം പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഡിഎംഒ. ഡോ.എ.എല്‍ ഷീജ, ഡിപിഎം ആരോഗ്യ കേരളം പി.ആര്‍ ഡോ.എബി സുഷന്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ രാജീവ്, ജി വി കെ / ഇ എം ആര്‍ ഐ കമ്പനി പ്രതിനിധി ബ്രിജിത് തുടങ്ങിയവര്‍ പങ്കെടുത്തു.