ലഖ്നൗ : 10 വയസുകാരന്‍ 12 കാരനായ അയല്‍വാസിയുടെ തലയില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം. വെടിയേറ്റ കുട്ടിയുടെ ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് സംഭവം നടന്നത്. കേസില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലക്നൗവിലെ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പക്ഷാഘാതം കാരണം കുട്ടിയുടെ ശരീരത്തിന്റെ ഇടതുവശം തളര്‍ന്നതായും പോലീസ് പറഞ്ഞു.
കുട്ടിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പിതാവ് അഭയ് ദ്വിവേദി പറഞ്ഞു. പ്രതിയായ ബാലനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായും സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബാലാവകാശ കമ്മീഷനെ സമീപിച്ചതായും അഭയ് ദ്വിവേദി പറഞ്ഞു. മകന്‍ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവമെന്ന് അഭയ് ദ്വിവേദി പരാതിയില്‍ പറയുന്നു. അയല്ക്കാരന്റെ മകനും കളിക്കാനായി വന്നിരുന്നു. തുടര്‍ന്ന് കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ ചെറിയ കുട്ടി തന്റെ പിതാവിന്റെ എയര്‍ഗണ്‍ എടുത്ത് മകനെ തലയില്‍ വെടിവെയ്ക്കുകയായിരുന്നു. ശബ്ദംകേട്ട് ടെറസിലേക്ക് എത്തിയപ്പോള്‍ മകന്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നെന്നും അഭയ് പറഞ്ഞു.
ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് ഡോക്ടര്‍മാര്‍ അപ്പോളോ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. അശ്രദ്ധമായ പ്രവൃത്തിയിലൂടെ വ്യക്തിയുടെ ജീവന്‍ അപകടത്തിലാക്കിയതിന് 10വയസുകാനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഹര്‍ദോയ് എസ്.പി അജയ് കുമാര്‍ പറഞ്ഞു.