തിരുവനന്തപുരം : കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അവർ പറഞ്ഞു.
ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എൻഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, ഓർത്തോപീഡിക്സ് വിഭാഗത്തിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള നാവിഗേഷൻ സിസ്റ്റം 80 ലക്ഷം, പൾമനോളജി മെഡിസിനിൽ വീഡിയോ ബ്രോങ്കോസ്‌കോപ്പ് വിത്ത് വീഡിയോ പ്രോസസർ 22 ലക്ഷം, കാർഡിയോ പൾമണറി ടെസ്റ്റ് ഉപകരണങ്ങൾ 42.53 ലക്ഷം, അനസ്തീഷ്യ വിഭാഗത്തിൽ മൾട്ടിപാര മോണിറ്റർ 11.20 ലക്ഷംപീഡിയാട്രിക് സർജറിയിൽ ഒടി ലൈറ്റ് ഡബിൾ ഡൂം 5.47 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഉപകരണങ്ങൾ വാങ്ങാൻ തുകയനുവദിച്ചത്.
വിവിധ വിഭാഗങ്ങളിലെ റീയേജന്റ്, ഡയാലിസിസ് കിറ്റ്, കെമിക്കൽ, ട്രിപ്പിൾ ബ്ലഡ് ബാഗ് തുടങ്ങിയ ആശുപത്രി അനുബന്ധ സാമഗ്രികൾ എന്നിവയ്ക്കായി 4.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രി ബ്ലോക്കിലേയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിലേയും ഐഎംസിഎച്ചിലേയും വിവിധ വാർഡുകളിലെ ടോയിലറ്റുകളുടെ നവീകരണം, കിച്ചൺ, ലോൺട്രി അറ്റകുറ്റ പണികൾ, ടെറിഷ്യറി കാൻസർ സെന്റർ ഇന്റർ ലോക്കിങ്, വോളിബോൾ കോർട്ട് നിർമാണം, സ്ട്രീറ്റ് ലൈറ്റ്, സീലിങ് ഫാനുകൾ, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.