കാസർഗോഡ് : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർഗോഡിന് ഇന്ന് ആശ്വാസ ദിനം. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉൾപ്പടെ 14 കാസർഗോഡ് സ്വദേശികളാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിടുന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് ആറ് പേരും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എട്ട് കാസർഗോഡ് സ്വദേശികളുമാണ് ആശുപത്രി വിടുന്നത്.
സംസ്ഥാനത്തെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗിയായ കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്ന് മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവർ ആശുപത്രി വിട്ടത്. നിലവിൽ 161 പേരാണ് ജില്ലയിൽ കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയിരുന്നത്. ഇതിൽ ആദ്യമായാണ് ഇത്രയും പേർ രോഗം ഭേദമായി ആശുപത്രി വിടുന്നത്. നേരത്തെ അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതോടെ കാസർഗോഡ് ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 18 ആയി.