തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഉന്നത തലങ്ങളില്‍ സമ്പൂര്‍ണ അഴിച്ചുപണി ഉണ്ടാകും. സംസ്ഥാനത്തെ 14 കളക്ടര്‍മാരെയും മാറ്റാന്‍ സാധ്യതയുണ്ട്. ഗവണ്‍മെന്റ് സെക്രട്ടറി തലത്തിലും ഉടച്ചുവാര്‍ക്കല്‍ ഉണ്ടാകും.
പോലീസ് ഉന്നതങ്ങളിലും സമ്പൂര്‍ണ അഴിച്ചുപണിയാണ് വരാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ വിശ്വസ്തരെ തന്നെ പോലീസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ കുടിയിരുത്തും. ഇന്‍റലിജന്‍സ്, വിജിലന്‍സ് തലപ്പത്തും മാറ്റങ്ങള്‍ ഉണ്ടാകും. തെഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ് ഐ റാങ്കിന് മുകളിലുള്ളവരെ സ്വന്തം ജില്ലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഉന്നതങ്ങളിലെ അഴിച്ചുപണിക്ക് പിന്നാലെ താഴെ തട്ടിലും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മാറ്റം ഉണ്ടാകും.
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന് നടത്താനാണ് തീരുമാനം. സമയം പുറത്ത് വിട്ടിട്ടില്ല. ജ്യോത്സന്റെ നിര്‍ദേശപ്രകാരം ശുഭമുഹൂര്‍ത്തത്തിനായാണ് സത്യപ്രതിജ്ഞ ഇത്രയും ദിവസം നീട്ടിവെച്ചതെന്ന ഒരു കിംവദന്തി തലസ്ഥാനത്ത് സജീവമാണ്. മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാതെ ചിരിച്ചു കൊണ്ട് നേരിടുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം സത്യപ്രതിജ്ഞ നടന്ന് ആഴ്ചകള്‍ പിന്നിട്ടു. കേരളത്തില്‍ മാത്രമാണ് സത്യപ്രതിജ്ഞ ഇത്രയും വൈകിയത്. ഇതാണ് അഭ്യൂഹത്തിന് കാരണമായത്.