ലാഹോര്‍: പബ്ജിക്ക് അടിമയായ 14കാരന്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. അമ്മ, രണ്ട് സഹോദരിമാര്‍, സഹോദരന്‍ എന്നിവരെയാണ് 14കാരന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് 14കാരന്‍ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ലാഹോറിലെ കാന്‍ഹ പ്രദേശത്താണ് സംഭവം.
45കാരിയും ആരോഗ്യപ്രവര്‍ത്തകയുമായ നാഹിദ് മുബാറക്, മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 14കാരനായ മകനെയാണ് ജീവനോടെ കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പബ്ജി ഗെയിമിന്റെ സ്വാധീനത്തില്‍ ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തുകയായിരുന്നെന്ന് പയ്യന്‍ സമ്മതിച്ചു.
കുട്ടിക്ക് മറ്റ് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും മണിക്കൂറുകളോളം ഗെയിം കളിക്കുന്ന സ്വഭാവമുണ്ടെന്നും പോലീസ് പറഞ്ഞു. ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഉമ്മയുടെ പിസ്റ്റളെടുത്ത് വെടിവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങിക്കിടക്കുന്ന സഹോദരങ്ങള്‍ക്കെതിരെയും നിറയൊഴിച്ചു. പിറ്റേദിവസം രാവിലെ ഉമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട് കിടക്കുകയാണെന്ന് അയല്‍ക്കാരെ വിവരമറിയിച്ചു. താന്‍ മുകളിലത്തെ നിലയിലായിരുന്നെന്നും ഒന്നുമറിഞ്ഞില്ലെന്നും പയ്യന്‍ പോലീസിന് മൊഴി നല്‍കി. കുടുംബത്തിന്റെ സുരക്ഷക്കായാണ് നാഹിദ് തോക്കിന് ലൈസന്‍സ് എടുത്തത്.