പട്ന : പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെ 15കാരൻ മരണപ്പെട്ടു. ഇതിനു പിന്നാലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. യൂട്യൂബ് വീഡിയോ നോക്കിയാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബിഹാറിലെ സരണിലാണ് സംഭവം. സംഭവത്തെ കുറിച്ച് കൃഷ്ണകുമാർ എന്ന കുട്ടിയുടെ ബന്ധുക്കൾ പറയുന്നതിങ്ങനെ- പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കൃഷ്ണകുമാറിനെ സരണിലെ ഗണപതി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വൈകാതെ ഛർദ്ദി നിലച്ചു. എന്നാൽ ഡോക്ടർ അജിത് കുമാർ പുരി പറഞ്ഞത് കുട്ടിക്ക് ശസ്ത്രക്രിയ ചെയ്യണമെന്നാണ്.
യൂട്യൂബിൽ വീഡിയോകൾ കണ്ടാണ് അദ്ദേഹം ഓപ്പറേഷൻ നടത്തിയതെന്നും തന്‍റെ മകൻ മരിച്ചെന്നും ചന്ദൻ ഷാ പറഞ്ഞു. ഡോക്ടർക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വ്യാജനാണെന്ന് സംശയമുണ്ടെന്നും ഡോക്ടറുടെ യോഗ്യതയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ എന്തിനാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന ചോദ്യത്തിന് ഛർദ്ദി നിർത്തണമെന്ന ആഗ്രഹത്തിൽ അടുത്തുള്ള ആശുപത്രിയിൽ പോയതാണെന്ന് അവർ മറുപടി നൽകി. സമ്മതമില്ലാതെയാണ് അദ്ദേഹം ഓപ്പറേഷൻ നടത്തിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഓപ്പറേഷനിടെ കുട്ടി വേദന കൊണ്ട് കരയുന്നകത് കേട്ട് അന്വേഷിച്ചപ്പോൾ നിങ്ങൾ ഡോക്ടർമാരാണോ എന്ന് ചോദിച്ച് തട്ടിമാറ്റിയെന്നും കുടുംബം പറയുന്നു. വൈകുന്നേരത്തോടെ കുട്ടിക്ക് ശ്വാസംമുട്ടലുണ്ടായി. കൃത്രിമ ശ്വാസോച്ഛ്വാസം കൊടുത്തിട്ടും മാറ്റമില്ലാതായതോടെ പട്നയിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. അതിനു ശേഷം ഡോക്ടറെ കുറിച്ച് വിവരമില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഡോക്ടറെയും മറ്റ് ജീവനക്കാരെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.